
കോതമംഗലം; ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്ക്ക് ദേശാടന പക്ഷികളുടെ നിലയ്ക്കാത്ത പ്രവാഹം.
പതിവ് പോലെ ഹിമാലയം,സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളാണ്് ഇത്തവണയും ആദ്യം വിരുന്നെത്തിയിട്ടുള്ളത്. ഇന്ത്യൻ പിറ്റ,ബ്ലാക്ക് ബസ്സ,വിവിധ ഇനത്തിൽപ്പെട്ട ഫ്ലൈക്യാച്ചറുകൾ എന്നിവയാണ് ഇവരിൽ പ്രമുഖർ.
4 ഗ്രാം മുതൽ 3 കിലോ വരെ തൂക്കമുള്ള പക്ഷികളും ദേശാടകരുടെ കൂട്ടത്തിലുണ്ട്.322 ഇനം പക്ഷികളും 46-ഇനം മൃഗങ്ങളും 222 ഇനം പ്രാണികളും 32 ഇഴ ജന്തുക്കളും 29-ഇനം തവളകളും ഈ വനപ്രദേശത്ത് ഉള്ളതായി സർവ്വെകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെയുള്ളതിൽ 40 ശതമാനം പക്ഷികളും ദേശാടകരാണ്.
സൈബീരിയയിൽ നിന്നുള്ള പക്ഷികളാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ഇവിടെ എത്തുന്നത്.ഇവ ഡിസംബറിലാണ് സാധാരണ ഇവിടേയ്ക്കെത്തുന്നത്.

പെരിയാർ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി സങ്കേതം അപൂർവ്വവും അത്യപൂർവ്വവുമായ പക്ഷിക്കൂട്ടങ്ങളുടെയും സസ്യ-ജന്തുജാലങ്ങളുടെയും കലവറയാണെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
അന്തിരച്ച പക്ഷിശാത്രജ്ഞൻ ഡോ.സലീം അലിയാണ് ഇവിടം പറവകളുടെ സാമ്രാജ്യമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാന സർക്കാർ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യപിച്ചതിന് പിന്നിലും ഇദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്.ഇന്ന് ലോകത്തെമ്പാടുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് പെരിയാർ തീരത്തെ തട്ടേക്കാട് പക്ഷിസങ്കേതം.
വിദേശിയരടക്കം ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.കിഴക്കൻ മേഖലയിലേയ്ക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളം കൂടിയാണ് തട്ടേക്കാട് പക്ഷിസങ്കേതം.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തിപ്രദേശത്തോട് ചേർന്നാണ് ഇവിടെ പെരിയാർ ഒഴുകുന്നത്.
ഇപ്പോൾ പുഴയിൽ ജലവിധാനം താഴ്ന്ന സ്ഥിതിയിലാണ്്.ഇതുമൂലം ജലപക്ഷികൾക്ക് ഭക്ഷ്യക്ഷാം രൂക്ഷമാണ്.തീരങ്ങളിൽ വളരുന്ന പുല്ലുകൾക്കിടയിലെ ജീവികളും ചെറുമത്സ്യങ്ങളുമാണ് ജലപക്ഷികളുടെ പ്രധാനആഹാരം.
തുറന്നുവച്ചിട്ടുള്ള ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ അടച്ചാൽ മാത്രമെ ഇവിടെ പെരിയാറിൽ ജലനിരപ്പ് ഉയരുകയുള്ളു.ഇതിന് ഇനിയും കാലതാമസമുണ്ടാവുമെന്നതാണ് നിലവിലെ സ്ഥിതി.