ഡല്‍ഹി: റിപ്പബ്ലിക് ദിന ക്യാമ്പിനെത്തിയ എന്‍സിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ ബാന്റിന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അഭിനന്ദനം. റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് ഡല്‍ഹിലെ ഡിജിഎന് സിസി ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിക്ക് മുന്പില് ന്യൂമാന്‍ ബോയ്സ് ബാന്റ് ടീം അവതരിപ്പിച്ച ഡിസ്പ്ലേ ശ്രദ്ധേയമായി.

കേരളത്തില്‍നിന്നും ആദ്യമായാണ് പുരുഷ എന്‍സിസി ബാന്റ് ടീം ഡല്‍ഹിയില്‍ എത്തുന്നത്. 18 കേരള എന്‍ സിസി മൂവാറ്റുപുഴയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളജ്, മൂവാറ്റുപുഴ നിര്‍മല കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, കോതമംഗലം എംഎ കോളജ് എന്നീ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ന്യൂമാന്‍ ബാന്റിലുള്ളത്. കേണല്‍ ജയശങ്കര്‍ ചൗധരി കണ്ടിൻജെന്റ് കമാന്‍ഡറായ ടീമിന്റെ പരിശീലകന് ന്യൂമാന്‍ കോളജിലെ കൊമേഴ്സ് വിഭാഗം മേധാവിയും എന്‍സിസി ഓഫീസറുമായ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യുവാണ്. ബാന്റ് ലീഡര്‍ ന്യൂമാന്‍ കോളജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ഥി അശ്വിന് സുഭാഷാണ്. കോളജ് ബർസാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി ടീം മാനേജരും എ. ആല്ബിന് മ്യൂസിക്കല്‍ ഇന്‍സ്ട്രക്ടറുമാണ്.

2016ല്‍ സ്ഥാപിതമായ ടീമിന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക വിഭാഗങ്ങളുണ്ട്. പൊതുവേയുള്ള ബാന്റ് ഫോര്‍മേഷനും മ്യൂസിക്കിനും പുറമേ വിവിധ സൈനിക മ്യൂസിക്കുകളും മനോഹരമായ ഡ്രില്‍ അവതരിപ്പിക്കാനുള്ള പ്രത്യേക മികവുമാണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. കോളജ് രക്ഷാധികാരി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, എന്‍സിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് എ.ഡി.ജി, മേജര്‍ ജനറല്‍ രമേശ് ഷണ്മുഖം, കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.വി.എസ്. റെഡ്ഡി, 18 കേരള കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ആര്.എസ്.ആര്. കൃഷ്ണന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ അനിരുദ്ധ് സിംഗ്, കോതമംഗലം രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ.ഡോ. പോള്‍ പാറത്താഴത്ത്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയാണ് ബാന്റ് ടീമിന് ലഭിച്ചുവരുന്നത്.

