ആളൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊന്പൊടിഞ്ഞാമാക്കൽ സ്വദേശികളായ പുതൂര്‍ വീട്ടില്‍ അനിക്കുട്ടന് എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (36), പുതൂര്‍ വീട്ടില്‍ സുട്ടന്‍ എന്ന് വിളിക്കുന്ന വസന്തന് (47), പുത്തന്‍ചിറ പടുത്തിരുത്തി വീട്ടില്‍ വിമോജ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുമ്പൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി തലമുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീടിന്റെ സിറ്റ്ഔട്ടില്‍ നിന്നിരുന്ന യുവതിയുടെ തലമുടിയില്‍ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. അനില്‍ കുമാര്‍ ആളൂര്‍, അന്തിക്കാട്, മാള, കൊടകര, ചാലക്കുടി, കാട്ടൂര്‍, ആലത്തൂര്‍ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കവര്‍ച്ച കേസുകളും ഒരു മോഷണക്കേസും ഒരു അടിപിടി കേസും അടക്കം എട്ടു ക്രിമിനല്‍ കേസുക ളിലെ പ്രതിയാണ്. വസന്തന് ആളൂര്‍, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു കളിലായി ഒരു കൊലപാതകക്കേസിലും രണ്ട് അടിപിടിക്കേസിലും അടക്കം അഞ്ചു ക്രിമിനല്‍ കേസുകളിൽ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ മിനിമോള്‍, സിപിഒമാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

