
പള്ളുരുത്തി: കൊച്ചി നഗരസഭയിൽ കൈക്കൂലി വിവാദം കത്തിനിൽക്കെ പള്ളുരുത്തിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടറടക്കം മൂന്ന് പേരെ വിജിലൻസ് സംഘം ഹെൽത്ത് ഓഫീസിലെത്തി പിടികൂടി. കൊച്ചി കോർപറേഷനിലെ പള്ളുരുത്തി ഒന്പതാം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, ശുചീകരണ തൊഴിലാളി ജോൺ എന്നിവരാണ് പിടിയിലായത്.
പള്ളുരുത്തി നമ്പ്യാപുരത്ത് മൊബൈൽ ആക്സസറീസ് ഗോഡൗൺ തുടങ്ങുന്നതിനായി അപേക്ഷ സമർപ്പിച്ച ആലുവ സ്വദേശിയുടെ പക്കൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർ.എസ്. മധു വിജിലൻസിന്റെ വലയിലായത്. ലൈസൻസിന് അപേക്ഷ സമർപ്പിച്ചപ്പോൾ 50,000 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 10,000 എത്തിച്ചാൽ സ്ഥലപരിശോധന നടത്താമെന്നാണ് അറിയിച്ചു. തുടർന്ന് ആലുവ സ്വദേശി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇയാൾ തുക നൽകാമെന്ന് സമ്മതിക്കുകയും രാസവസ്തു പുരട്ടി നൽകിയ പണം ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറുകയും ചെയ്തു. വേഷം മാറി ഓഫീസിനു സമീപത്തായി നിലയുറപ്പിച്ചിരുന്ന വിജിലൻസ് സംഘം ഉടൻ ഹെൽത്ത് ഇൻസ്പെക്ടറെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങുന്ന പണം മൂവരും പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്ന് വിജിലൻസ് സംഘം പറഞ്ഞു.
അറസ്റ്റിലായ ഷാനുവിനെതിരെ രണ്ട് വിജിലൻസ് കേസുകൾ നിലവിലുണ്ട്. എറണാകുളം 17-ാം സർക്കിളിലിരിക്കെ യൂസർ ഫീസ് വെട്ടിച്ചതിനും നഗരസഭയുടെ സ്ഥലത്തെ തേക്ക് മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുമാണ് കേസുകൾ.
പള്ളുരുത്തി മേഖലയിലെ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് ഹെൽത്ത് സർക്കിളിന് താഴെയുള്ള കംപ്യൂട്ടർ സെന്റർ വഴി അപേക്ഷ സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. അപേക്ഷിക്കാനായി എത്തുന്നവരിൽനിന്ന് യഥാർഥ ഫീസിന്റെ നാലിരട്ടി തുക ഉദ്യോഗസ്ഥരുടെ അറിവോടെ സ്ഥാപനം ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
വിജിലൻസ് മധ്യമേഖലാ പോലീസ് സൂപ്രണ്ട് എസ്. ശശിധരന്റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ ആർ. മധു, വിമൽ, മനു, എസ്ഐമാരായ ജോഷി ജേക്കബ്, സുകുമാരൻ, എഎസ്ഐമാരായ ജോസഫ്, ഷൈൻ, സിപിഒമാരായ സുനിൽകുമാർ, ജിജിമോൻ, ധനേഷ്, ബിജുമോൻ, പ്രീജിത്ത് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.