പിറവം: തിരുനാൾ രാത്രികളിലെ മോഷണം പിറവത്ത് തുടർക്കഥ. മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ തിരുനാൾ രാത്രിയിലാണ് മൂന്നു വീടുകളിൽ മോഷണം നടന്നത്. മുളക്കുളം വടക്കേക്കരയിൽ മമ്പുറത്തെ മൂന്ന് വീടുകളിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. വീട്ടുകാർ പ്രദക്ഷിണം കാണാൻ പോയ സമയത്തായിരുന്നു മോഷണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിനും ഒമ്പതിനുമിടയിൽ നടന്ന പ്രദക്ഷിണത്തിന്റെ സമയത്താണ് സംഭവം.

പളളിക്ക് വടക്കുഭാഗത്തുള്ള മമ്പുറത്ത് കുണാകരൻ, മമ്പുറത്ത് പീതാംബരൻ, മമ്പുറത്ത് വിക്രമൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. നാട്ടുകാർ ശബ്ദം കേട്ട് പരിശോധന നടത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മുളക്കുളം മമ്പുറത്ത് കരുണാകരന്റെ വീട്ടിലാണ് ആദ്യം കവർച്ച നടന്നതെന്നാണ് നിഗമനം. പ്രദക്ഷിണം കാണാൻ പോയ വീട്ടുകാർ വീട് പൂട്ടി താക്കോൽ നിശ്ചിത സ്ഥലത്ത് ഒളിപ്പിച്ച് വച്ചാണ് പോയത്. വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ഈ താക്കോലെടുത്താണ് കരുണാകരന്റെ വീട് തുറന്നത്. ഇവിടെ അലമാരയിൽ നിന്ന് വിദേശ കറൻസികൾ കവർന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകൻ അടുത്തയിടെയാണ് നാട്ടിലെത്തിയത്. പതിനഞ്ച് റിയാലാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു.

സമീപത്ത് തന്നെയാണ് വിക്രമന്റെ വീട്. ഇവിടെ പിൻ ഭാഗത്തെ ജനാലഴികൾ പൊളിച്ചാണ് അകത്ത് കടന്നത്. ഇവിടെ നിന്ന് കാര്യമായെന്നും നഷ്ടപ്പെട്ടിട്ടില്ല. അതേ സമയം പീതാംബരന്റെ വീടിന്റെ പിൻഭാഗത്തെ വാതിൽ തകർക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ കണ്ടത്. തിരുനാൾ കഴിഞ്ഞ് തിരിച്ചുപോയവർ ശബ്ദം കേട്ട് ലൈറ്റടിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പള്ളിപ്പടി വരെ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. പിറവം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു മുമ്പും മേഖലയിലെ ദേവാലയങ്ങളിൽ തിരുനാൾ ദിനങ്ങളിൽ മോഷണം പതിവാണ്. ഈ കേസുകളിലൊന്നും മോഷ്ടാക്കളെ കണ്ടെത്താനുമായിട്ടില്ല.

