
കാലടി: കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദീൻ(36), പശ്ചിമബംഗാൾ മുർഷിദാബാദ് അബ്ദുൾ അസീസ് മണ്ഡൽ (33) ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ടാക്സിയിൽ കഞ്ചാവുമായി വരികയായിരുന്ന പ്രതികളെ കാലടി ജംഗ്ഷനിൽനിന്നാണ് പിടികൂടിയത്. നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം അങ്കമാലിയിൽ എത്തിക്കുന്ന കഞ്ചാവ് ഇവിടെനിന്ന് കാലടി കോട്ടപ്പടി ഭാഗങ്ങളിൽ ഓട്ടോ ടാക്സിയിൽ എത്തിച്ച് വില്പന നടത്തുകയായിരുന്നു ഇവരുടെ രീതി. സ്ഥിരമായി ഷംസുദീന്റെ ഓട്ടോ ടാക്സി ആണ് കഞ്ചാവ് വില്പന നടത്താൻ ഉപയോഗിച്ചിരുന്നത്.
സുമൻ മണ്ഡൽ കാലടിയിൽ ഹോട്ടൽ ജോലിയുടെ മറവിലാണ് വില്പന നടത്തിയിരുന്നത്. അബ്ദുൾ അസീസ് മണ്ഡൽ കോട്ടപ്പടി ഭാഗത്ത് കച്ചവടം നടത്തിവന്നു. ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും 3000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെ കിലോക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായിരുന്നു വില്പന.
ഡിവൈഎസ്പി പി.പി. ഷംസ്, സിഐ അനിൽകുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ജോസി എം. ജോൺസൺ, ടി.വി. സുധീർ, വി.എസ്. ഷിജു, റെജിമോൻ, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.