നെടുമ്പാശേരി: രണ്ട് കോടിയിലേറെ രൂപ വിലവരുന്ന മാരക ലഹരിമരുന്നുമായി ദോഹയിൽ നിന്ന് നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കൻ രാജ്യമായ ടോംഗോ സ്വദേശിനി ലാറ്റി ഫറ്റാവോ ഔറോ(44) ആണ് കസ്റ്റംസിന്റെയും സിയാൽ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. നാലു കിലോഗ്രാം മെത്താക്യുലോൺ എന്ന രാസലഹരി ഇവരുടെ പക്കൽനിന്നു പിടിച്ചെടുത്തു.
നെടുമ്പാശേരിയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. ഇതിനായി ആഭ്യന്തര ടെർമിനലിൽ ഇരിക്കുമ്പോൾ സിയാൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

രണ്ടു കിലോഗ്രാം വീതമുള്ള രണ്ട് പായ്ക്കറ്റുകളിലായി ലഗേജിലെ രഹസ്യ അറയിലാണ് രാസലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇതിനു മുന്പും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

