
ഇടുക്കി : ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയില്‍ അതിഥി തൊഴിലാളി മാസം തികയാതെ പ്രസവിച്ച ഇരട്ടകുട്ടികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.
ഇന്ന് രാവിലെ വയറു വേദനയെ തുടർന്ന് ശാന്തൻപാറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുകയായിരുന്നു ഇവർ. ഗർഭിണിയായ അനുരാധ ആശുപത്രി ശുചിമുറിയിൽ ആദ്യം ആൺ കുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലെ ജീവനക്കാർ പരിചരിക്കുന്നതിനിടെ പിന്നീട് മറ്റൊരു ആൺ കുഞ്ഞിനും കൂടി ജന്മം നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സ ഡോക്ടർ നിർദ്ദേശിക്കുകയും തേനി മെഡിക്കൽ കോളേജിലേക്ക് അമ്മയെയും കുഞ്ഞുങ്ങളേയും കൊണ്ടുപോയെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല. അനുരാധ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.