
വന്യമൃഗങ്ങളുടെ അക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക , കർഷക മേഖലയുടെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക , ബഫർ സോൺ 0 പോയിൻറ് പ്രഖ്യാപിക്കാൻ കേന്ദ്ര ഗവൺമെൻറ് ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് അഡ്വ . വി . ഡി സതീശൻ നേതൃത്വം നൽകുന്ന മലയോര സമര യാത്രയ്ക്ക് കോതമംഗലത്ത് ഗംഭീര സ്വീകരണം നൽകും . 31 -ാം തീയതി വൈകിട്ട് 4 ന് കോതമംഗലത്ത് എത്തുന്ന ജാഥയെ മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ജവഹർ തീയേറ്ററിന് സമീപമുള്ള സമ്മേളന നഗരിയിലേക്ക് ആനയിക്കും . തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുൻ കെ പി സി സി പ്രസിഡൻ്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ എം എം ഹസ്സൻ ,പി കെ കുഞ്ഞാലിക്കുട്ടി ,
പി ജെ ജോസഫ്, അനൂപ് ജേക്കബ്ബ് , ഷിബു ബേബി ജോൺ , സി പി ജോൺ എന്നിവർ പങ്കെടുക്കും .
മലയോര സമര യാത്രയുടെ വിജയത്തിന് വേണ്ടി ഷിബു തെക്കുംപുറം ചെയർമാനായും , എം എസ് എൽദോസ് ജനറൽ കൺവീനറുമായി 101 അംഗ കോർ കമ്മിറ്റിയടങ്ങുന്ന 501 അംഗ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു .
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്ത് കഴിഞ്ഞ കുറെ നാളുകളായി അതിരൂക്ഷമായ വന്യമൃഗ ശല്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 4 മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തിൽ നഷ്ടപ്പെട്ടത് . 50 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു .കോടിക്കണക്കിന് രൂപയുടെ കൃഷി നശിപ്പിക്കപ്പെട്ടു . ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കോ പരിക്കേറ്റവർക്കോ, കൃഷിനാശം സംഭവിച്ചവർക്കോ നാളിതുവരെ അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല .
വനാതിർത്തികളിൽ ട്രഞ്ച് നിർമ്മിക്കുക , ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുക , RRT യെ നിയോഗിക്കുക തുടങ്ങി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു ഉദ്ഘാടനം മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇടത് സർക്കാർ .സമ്മേളന ദിവസം നെല്ലിക്കുഴി ,കോട്ടപ്പടി , പിണ്ടിമന മണ്ഡലം കമ്മിറ്റികളിൽ നിന്നും എത്തുന്ന വാഹനങ്ങൾ മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡിലും മറ്റു മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള വാഹനങ്ങൾ ആളെ ഇറക്കിയ ശേഷം കലാ ജംഗ്ഷനിലും ,റിങ് റോഡിലും പാർക്ക് ചെയ്യുന്ന രീതിയിൽ വാഹന പാർക്കിങ് സംവിധാനവും നടപ്പിലാക്കും .
പത്ര സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി , ഷിബു തെക്കുംപുറം , എം എസ് എൽദോസ് , റ്റി യു കുരുവിള എ ജി ജോർജ് ,കെ പി ബാബു , പി പി ഉതുപ്പാൻ ,ഷെമീർ പനക്കൽ ,ബാബു ഏലിയാസ് ,
ഇബ്രാഹിം കവലയിൽ , പി കെ മൊയ്തു , ഏ റ്റി പൗലോസ് ,ഇ എം മൈക്കിൾ , അഡ്വ.മാത്യു ജോസഫ് , ഏ സി രാജശേഖരൻ എന്നിവർ പങ്കെടുത്തു.