
കോതമംഗലം: കവളങ്ങാട് ഉപ്പുകുഴിയിൽ ദിവസങ്ങളായി കൃഷിയിടത്തിൽ കാട്ടാനകളെത്തി നാശം വരുത്തുന്നു. ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സമരത്തിന് ഒരുങ്ങി നാട്ടുകാർ. നേര്യമംഗലം, മുള്ളരിങ്ങാട് വനാതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഉപ്പുകുഴി. രാത്രിയില്‍ എത്തുന്ന മൂന്ന് കൊമ്പനാനകളാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നത്.

ഒരുവര്‍ഷമായി ഉപ്പുകുഴിയിലും പരിസര പ്രദേശത്തും ആന സാന്നിധ്യം തുടങ്ങിയിട്ട്. രണ്ടാഴ്ചയായി ആനകള്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. നിരവധി പറമ്പുകളില്‍ എത്തിയ ആനകൂട്ടം തെങ്ങ്, കവുങ്ങ്, ഏത്തവാഴ, പൈനാപ്പിള്‍ തുടങ്ങിയ വിളകള്‍ക്ക് നാശം വരുത്തി. സന്ധ്യ കഴിഞ്ഞാല്‍ കൊമ്പന്മാര് കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങും. പുലര്‍ച്ച വരെ പറമ്പുകളിലൂടെ കയറിയിറങ്ങും.
തീറ്റതേടി എത്തിയ ആനകള്‍ കഴിഞ്ഞ രാത്രി ഉപ്പുകുഴി ജംഗ്ഷനോട് ചേർന്ന് പുത്തന്‍പുര കുട്ടന്റെ പറമ്പിലെ വലിയ രണ്ട് പനകള്‍ കുത്തിമറിച്ചിട്ടു. വീടിന്റെ പത്ത് മീറ്റര്‍ മാറി പന വീണതിനാൽ വീട്ടുകാര്‍ രക്ഷപ്പെട്ടു. വേരോടെ തള്ളി മറിച്ച പനയുടെ ഒട്ടുമുക്കാളലും തിന്ന് പുലര്‍ച്ചയോടെയാണ് കൊമ്പന്മാര് മടങ്ങിയത്.
ഇതിനിടെ മണിക്കൂറുകൾ ആനയെ ഓടിക്കാന്‍ നാട്ടുകാര്‍ ടോര്‍ച്ചടിച്ച് ബഹളം ഉണ്ടാക്കിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ മൂന്നാനകളും തീറ്റ തുടരുകയായിരുന്നു. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് ചുള്ളിക്കണ്ടം ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് വനപാലകര്‍ എത്തി സ്ഥിതിഗതി വിലയിരുത്തി. രാത്രി മൂന്ന് ആന വാച്ചര്‍മാരെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തുകയും ചെയ്തു.
ആന ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ തലക്കോട് വനം വകുപ്പ് ഓഫീസിലേക്ക് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
