കുമളി: തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിനു നേരേ കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്.

വയറിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം
വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. കടുവ സെൻസസ് എടുക്കുന്നതിനായി വനത്തിനുള്ളിലേക്കുപോയ ഉദ്യോഗസ്ഥ സംഘത്തിനു നേരേ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.

സീനിയറോടയ്ക്കു സമീപം കുട്ടാംകയത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വൈരമുത്തുവിനെ ഉടൻതന്നെ ബോട്ടിൽ തേക്കടി ലാൻഡിംഗിൽ എത്തിച്ചു.

തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

