
കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ റോഡിൽ ഇറങ്ങിയ കാട്ടാന വൈദ്യുതി ലൈനിലേക്കും നിർത്തിയിട്ടിരുന്ന മണ്ണ് മാന്തിയന്ത്രത്തിന് മുകളിലേക്കും പനമരം മറിച്ചിട്ടു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് പതിവായതോടെ യാത്രക്കാർ ഭീതിയിലാണ്. ഇന്നലെ പുലർച്ചയും വൈകിട്ടും ഉണ്ടായ കൊന്പൻമാരുടെ പരാക്രമം നാട്ടുകാരെ ആശങ്കയിലാഴ്ത്തി.

പുലർച്ചെ തള്ളിമറിച്ചിട്ട പന വീണത് വൈദ്യു ലൈൻ കന്പിക്ക് മുകിലേക്കാണ്. വൈദ്യുത ലൈനിന് മുകളിലും റോഡിലുമായി പന വീണതിനെ തുടർന്ന് നാട്ടുകാർ അറിയിച്ച് കെഎസ്ഇബി ജീവനക്കാരെത്തി ലൈൻ ഓഫാക്കിയാണ് തടസം നീക്കിയത്. പിന്നീട് ജെസിബി ഉപയോഗിച്ച് പനമരം നീക്കിയിരുന്നു.

ഇന്നലെ വൈകുന്നേരം ഇഞ്ചത്തൊട്ടി ദേവീക്ഷേത്രത്തിന് സമീപത്ത് എത്തിയ കാട്ടുകൊന്പൻമാരിൽ ഒന്ന് മുനിപ്പാറ പ്ലാന്റേഷനിൽനിന്ന് പനമരം ജെസിബിക്ക് മുകളിലേക്ക് മറിച്ചിട്ടാണ് കടന്നുപോയത്. തീറ്റക്കായി മറിച്ച മരം നീക്കിയതിന്റെ കലിയാണ് കൊന്പൻ വൈകിട്ട് എത്തി ജെസിബിയോട് തീർത്തതെന്നാണ് നാട്ടുകാർ പറയുന്നത്.