
കോതമംഗലം: കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാകാത്ത പക്ഷം യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. കഴിഞ്ഞ എട്ടു മാസത്തിനകം കോതമംഗലം മേഖലയിൽ കാട്ടാന ആക്രമണം മൂലം രണ്ടാമത്തെ മരണമാണ് നേര്യമംഗലം ചെന്പൻകുഴിയിൽ മാത്രം ഉണ്ടായിട്ടുള്ളത്.
നിരവധി തവണ ഫെൻസിംഗ് നിർമാണ ഉദ്ഘാടനം എന്ന പേരിൽ കോതമംഗലം എംഎൽഎ ചടങ്ങുകൾ സംഘടിപ്പിച്ചെങ്കിലും നാളിതുവരെ നീണ്ടപാറ, ചെന്പൻകുഴി പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുവാനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും അനാസ്ഥ ഒഴിവാക്കി അടിയന്തരമായി ഈ പ്രദേശങ്ങളിൽ മുഴുവൻ സമയവും ആർആർടി സേവനവും കൂടാതെ വാച്ചർമാരെ കൂടുതലായി നിയമിക്കണമെന്നും നിയമാനുസൃതമുള്ള ഉത്തരവ് പ്രകാരം റോഡിൽ നിന്നും അഞ്ചു മീറ്റർ ദൂരപരിധിയിലുള്ള മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റി ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഒരുക്കണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരികളും സർക്കാരും തയാറാകാത്ത പക്ഷം കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനർ അറിയിച്ചു.