മൂന്നാർ: ഇടമലക്കുടിയിൽ ഒരു മാസമായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. ജനവാസ മേഖലയിൽ ഉൾപ്പെടെ ഇറങ്ങിയ കാട്ടാനകൾ ഏക്കർകണക്കിന് സ്ഥലത്തെ ഏലം ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നത് തുടരുകയാണ്. വേനൽ കടുത്തതോടെ കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാണ്. കവയ്ക്കാട്ടുകുടി, ഷെഡുകുടി, ഇഡലിപ്പാറ, ആണ്ടവൻ കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൃഷികൾ നശിപ്പിച്ചത്.

ഏലത്തിന് മികച്ച വില ലഭിക്കുന്ന അവസരത്തിലാണ് കാട്ടാനശല്യം രൂക്ഷമായതും ഏക്കർ കണക്കിന് സ്ഥലത്തെ ഏലച്ചെടികൾ നശിപ്പിച്ചതും. നാലു സംഘങ്ങളായി 14 കാട്ടാനകളാണ് മൂന്ന് സെറ്റിൽമെന്റുകളിലായി തുടരുന്നതും നാശം വിതയ്ക്കുന്നതും. ഉൾവനങ്ങളിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് ആനകൾ കൂട്ടമായി ജനവാസ മേഖലയിലിറങ്ങിയത്. ഏലം കൂടാതെ ആദിവാസികളുടെ ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറികൾ, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
