
മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ആനച്ചാല്‍ ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം. വേഗത്തില്‍ വളരുന്ന ജില്ലയിലെ ടൗണുകളില്‍ ഒന്നാണ് ആനച്ചാല്‍. തിരക്കുള്ള ദിവസങ്ങളിലെ ഗതാഗതകുരുക്കാണ് ആനച്ചാല്‍ ടൗണ്‍ നേരിടുന്ന വെല്ലുവിളി. വിനോദ സഞ്ചാരികളേറുന്നതോടെ വാഹനപ്പെരുപ്പത്താല്‍ ടൗണില്‍ കുരുക്ക് മുറുകും. കാല്‍നടയാത്രികര്‍ക്കും ടൗണിലെ ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കുമൊക്കെ തിരക്കുള്ള ദിവസങ്ങളിലെ അഴിയാത്ത കുരുക്ക് വലിയ ബുദ്ധിമുട്ട് ജനിപ്പിക്കുന്നുണ്ട്.
ആനച്ചാല്‍ ഇരുട്ടുകാനം,ആനച്ചാല്‍ രണ്ടാംമൈല്‍,ആനച്ചാല്‍ മുതുവാന്‍കുടി റോഡുകള്‍ സംഗമിക്കുന്ന ടൗണിന് മധ്യഭാഗത്ത് പലപ്പോഴും വാഹനയാത്രികര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം പതിവാണ്. പാര്‍ക്കിംഗിന് മതിയായ ഇടമില്ലാത്തതാണ് ടൗണ്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ടൗണിലൂടെ കടന്നു പോകുന്ന ബസുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും പാടുപെടുന്നുണ്ട്. പാര്‍ക്കിംഗിന് ഇടമില്ലാതെ വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. തിരക്കേറുന്ന സമയങ്ങളില്‍ ടൗണിലെ ഗതാഗത കുരുക്കഴിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം.

ദീപാവലി ആഘോഷത്തിന് പിന്നാലെ കൂടുതല്‍ വിനോദ സഞ്ചരികള്‍ മൂന്നാറിലേക്കെത്തിയതോടെ മൂന്നാര്‍ ടൗണിലും സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷം. വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമല്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും ചെയ്യുന്ന കാഴ്ച്ച ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. വിഷയത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും കുരുക്കഴിക്കാന്‍ പോന്ന തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷെ തീരുമാനങ്ങള്‍ വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
തിരക്കേറിയതോടെ സഞ്ചാരികള്‍ ഏറെ സമയം റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയാണുള്ളത്. മൂന്നാര്‍ മറയൂര്‍ റോഡിലും മൂന്നാര്‍ ടോപ്പ് സ്റ്റേഷന് റോഡിലും വലിയ ഗതാഗതകുരുക്കനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും ആവശ്യമുയരുന്നു. പൂജാവധിയോടനുബന്ധിച്ച് സഞ്ചാരികളുടെ തിരക്കേറിയ സമയത്തും സമാന നിലയില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. മൂന്നാറിന്റെ ഇനിയും പരിഹരിക്കാത്ത ഗതാഗതകുരുക്ക് തുടര്‍ന്നാല്‍ വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
