February 7, 2026
paadam
കനാലിൽ കുറ്റിക്കാടും വളർന്നും മാലിന്യം കുമിഞ്ഞു കൂടിയും വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

 മുവാറ്റുപുഴ: കനാലുകൾ കാടുകയറിയും മാലിന്യം നിറഞ്ഞും കിടക്കുന്നതിനാൽ വെള്ളം എത്താതെ പാടങ്ങൾ ഉണങ്ങുന്നു. പാടം വറ്റി കൃഷി ഉണങ്ങുകയും ചെയ്യുന്നുവെന്ന കർഷകരുടെ പരാതികൾ വർധിച്ചതോടെ മാറാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മൂവാറ്റുപുഴയിലെ ഇറിഗേഷൻ ഓഫിസിൽ എത്തി സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു. കനാലുകളിലൂടെ വെള്ളം എത്താത്തതു മൂലം മാറാടി പഞ്ചായത്തിലെ പാടശേഖരങ്ങൾ വെള്ളം ലഭിക്കാതെ വറ്റിവരണ്ട നിലയിൽ കൃഷി ഉണങ്ങി കരിഞ്ഞുപോകുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. മുൻവർഷങ്ങളിൽ മൂവാറ്റുപുഴവാലി കനാലിലൂടെ സുലഭമായി ലഭിച്ചിരുന്ന വെള്ളം ഇത്തവണ പൂർണമായും നിലച്ചതോടെ കർഷകർ കടുത്ത ആശങ്കയിലാണ്.

Sponsored

കനാലിൽ കുറ്റിക്കാടും വളർന്നും മാലിന്യം കുമിഞ്ഞു കൂടിയും വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എംവിഐപി ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന്  കനാൽ സന്ദർശിച്ചു. പല സ്ഥലങ്ങളിലും കനാൽ പൂർണമായും മൂടിയ നിലയിൽ കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നു. കനാൽ ശുചീകരണത്തിനു ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും  അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി വെള്ളം  എത്തിച്ചില്ലെങ്കിൽ  ശക്തമായ പ്രക്ഷോഭ നടപടികളിലേക്ക് നീങ്ങുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കുന്നപ്പള്ളി പറഞ്ഞു. ജനപ്രതിനിധികളായ ജെയ്സ് ജോൺ, രതീഷ് ചങ്ങാലിമറ്റം, ജിഷ പുള്ളോർക്കുടിയിൽ, അനി വർഗീസ്, ഡെൽമ പോൾ, തേജസ്സ് ജോൺ, കെ.എസ്. ഷാജഹാൻ, ഷൈനി മുരളി, മഞ്ജു അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  ഇറിഗേഷൻ ഓഫിസിലെ ഉപരോധ സമരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!