ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ദേശീയ പാതയിൽ ആലുവ മുട്ടത്തായിരുന്നു ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ വലതുവശത്തെ പിൻഭാഗത്തെ ടയറുകൾക്ക് മുകളിലായാണ് തീപിടിച്ചത്. ബ്രേക്ക് അമർന്ന് തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയശേഷം ജീവനക്കാർ തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അതുവഴി പോയ മോട്ടോർ വാഹന ഉദ്യോഗസ്ഥർ സമീപത്തെ ഗോഡൗണിലെ ടാങ്കർ ലോറിയിൽ നിന്നും അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു.

