February 7, 2026
police

ചങ്ങനാശ്ശേരിയിൽ മദ്യപിച്ച് അപകടകരമായി സ്കൂൾ വാൻ ഓടിച്ച ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറി. വാനിലുണ്ടായിരുന്ന വിദ്യാർഥികളുടെ കരച്ചിലും നിലവിളിയും കേട്ടാണ് നാട്ടുകാർ വാൻ തടഞ്ഞുനിർത്തിയത്. ഡ്രൈവർ കുറിച്ചി എസ്. പുരം പാറപ്പറമ്പിൽ ശരത് ശശിമോനെതിരെ (31) കൈനടി പൊലീസ് കേസെടുത്തു. ഇയാൾ മദ്യപിച്ചെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 4നു വാലടി കുരുക്ഷേത്ര ജംക്‌ഷനിലായിരുന്നു സംഭവം. പതിനഞ്ചിലധികം വിദ്യാർഥികൾ വാനിലുണ്ടായിരുന്നു. മദ്യലഹരിയിലുള്ള ഓട്ടത്തിനിടയിൽ പല വിദ്യാർഥികളെയും ഡ്രൈവർ ഇറക്കിയില്ല. ഇരുഭാഗത്തും പാടശേഖരങ്ങളുള്ള റോഡിലൂടെ അലക്ഷ്യമായാണ് വാൻ ഓടിച്ചത്. ഇതിനിടയിൽ ഒരു വീടിന്റെ മതിലിൽ തട്ടി സൈഡ് മിറർ പൊട്ടുകയും ചെയ്തു.

Sponsored

വാലടി കുരുക്ഷേത്ര ജംക്‌ഷനിലേക്ക് എത്തിയപ്പോൾ കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാർ ചേർന്ന് തടയുകയായിരുന്നു. ഭയന്നു പോയ കുട്ടികളെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശ്വസിപ്പിച്ചത്. പൊലീസ് സ്കൂളിൽ നിന്നു മറ്റൊരു ഡ്രൈവറെ സ്ഥലത്ത് എത്തിച്ച് വാനിൽ തന്നെ കുട്ടികളെ വീടുകളിലെത്തിച്ചു. ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെ ഹൈസ്കൂളിലെ വാനാണ്. താൽക്കാലികമായി എത്തിയ ഡ്രൈവറാണ് ഇയാളെന്നും രാവിലെ പ്രശ്നങ്ങളില്ലായിരുന്നുവെന്നും സ്കൂൾ അധികൃതർ പറഞ്ഞു. 

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!