കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകം. രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്കൂളിന് മൂന്നു ദിവസത്തേക്ക് അവധി നല്കി. പ്രദേശത്ത് തിങ്കളാഴ്ച മുതലാണ് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് കണ്ട് തുടങ്ങിയത്.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന 23 കുട്ടികള്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂളിന് അവധി നല്‍കിയത്. രോഗം പടരാനുള്ള സാഹചര്യം സ്കൂള്‍ അധികൃതരെ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കിടയില്‍ പകരുന്ന രോഗമാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കവിളിലും കഴുത്തിലുമായി ഉമിനീര്‍ഗ്രന്ഥികള്‍ വീര്‍ക്കുന്നതും വേദനയുമാണ്. ഇതേ തുടര്‍ന്ന് പനി, തലവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്മ, സംസാരിക്കാനും ചവയ്ക്കാനും ബുദ്ധിമുട്ട് എന്നിവ മറ്റ് ലക്ഷണങ്ങളാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

രോഗലക്ഷണം ഉള്ള കുട്ടികളെ സ്കൂളില്‍ വിടാതെ അവര്‍ക്ക് നല്ല വിശ്രമം നല്‍കണം. പത്ത് ദിവസമാണ് രോഗം നീണ്ടു നില്‍ക്കുന്നത്. ചിലപ്പോള്‍ രണ്ടാഴ്ച വരെ ഉണ്ടാകും. വാക്സിനേഷന് എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗ സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു.

