കൊച്ചി വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും സിഗരറ്റുകളും ഉൾപ്പെടെ 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. കംബോഡിയയിൽ നിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ റഫീക്കിൽ നിന്ന് 8.75 ലക്ഷം രൂപ വില വരുന്ന 35,000 വിദേശ നിർമിത സിഗരറ്റുകൾ പിടിച്ചെടുത്തു.

ഇതേ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി സഫീറിൽ നിന്നും 8.75 ലക്ഷം രൂപ വില വരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തു. ബാറ്റിക് എയർ വിമാനത്തിൽ ക്വാലലംപൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ജയയിൽ നിന്ന് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ആഭരണങ്ങൾ ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 46 ഇ–സിഗരറ്റുകളും അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി. 1.48 ലക്ഷം രൂപ വില വരും ഇവയ്ക്ക്.

