February 7, 2026
ice cream
കേസിൽ 5 പേരെ പുത്തൻകുരിശ് പൊലീസ് പിടികൂടി.

കോലഞ്ചേരി: ബേക്കറിയിൽ നിന്ന് ഐസ്ക്രീം എടുത്ത ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ ഉടമയ്ക്കു നേരെ ആക്രമണം. കാറിൽ എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ കോലഞ്ചേരി ‘ബെസ്റ്റിൻ ബേക്കറി’ ഉടമ കടയിരുപ്പ് പാറമുറിയ്ക്കൽ ബെസ്റ്റിൻ മാത്യു (26) ആണ് പരുക്കേറ്റത്. കേസിൽ 5 പേരെ പുത്തൻകുരിശ് പൊലീസ് പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. 

തിരുവനന്തപുരം കരമന വട്ടവിള മുഹമ്മദ് ഫൈസൽ (19), വള്ളക്കടവ് തോപ്പിൽ റമീസ് സുൽഫിക്കർ (19), കിഴുവിളം മുടപ്പുറം റെഷീന മൻസിൽ ആഷിക് അമീർ (20), അരുവിക്കര മേലേമരുതംകോട് സരസ് ഹൗസിൽ നിധിൻ (20), കുമാരപുരം മെഡിക്കൽ കോളജ് എസ്.കെ. നിവാസിൽ അനു സനൽ (19) എന്നിവരെയാണ് പിടികൂടിയത്.

Sponsored

തിങ്കൾ രാത്രി പത്തരയോടെ കാറിലെത്തിയ സംഘത്തിലെ 2 പേർ കടയിലേക്കു കയറി പലഹാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കടയുടെ പിൻഭാഗത്തായിരുന്നു ബെസ്റ്റിൻ. ഇദ്ദേഹം കാണാതെ വന്നവർ  ഐസ്ക്രീം പാക്കറ്റുകൾ  കൈക്കലാക്കി. തുക ആവശ്യപ്പെട്ടപ്പോൾ കാറിലാണ് പണം ഇരിക്കുന്നതെന്നു പറഞ്ഞ് ഒരാൾ വണ്ടി കിടക്കുന്ന ഭാഗത്തേക്കു നീങ്ങി. കാറിൽ കയറിയ ആൾ കൈകാണിച്ചു വിളിച്ചതിനെ തുടർന്ന് ബേക്കറിയിൽ നിന്ന ആൾ ഓടി കാറിൽ കയറിയെങ്കിലും ബെസ്റ്റിൻ പിന്നാലെ എത്തി.

കാറിൽ കയറിയ ആളെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്നവർ ചേർന്ന് ബെസ്റ്റിനെ മർദിച്ചു. തലയ്ക്ക് മൂർച്ചയുള്ള ആയുധം കൊണ്ട് ഇടിച്ചു. മുന്നോട്ടെടുത്ത കാറിൽ നിന്ന് റോഡിലേക്കാണ് വീണത്. തോളെല്ലിനും പുറത്തും പരുക്കുണ്ട്. എറണാകുളം ഭാഗത്തേക്ക് പോയ കാറിന്റെ നമ്പർ പ്ലേറ്റ് റോഡിൽ വീണു. പിടിവലിക്കിടെ ബെസ്റ്റിന്റെ മാല പൊട്ടിച്ചെടുത്തതായും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!