പെരുമ്പാവൂർ: റാഗിങ് ചെറുത്ത പതിനാറുകാരൻ സീനിയർ വിദ്യാർഥികളിൽനിന്നു നേരിട്ടത് അതിക്രൂര മർദനവും ലൈംഗികാധിക്ഷേപവും. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് ഇരുപതോളം വരുന്ന പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി ആക്രമിച്ചത്. സ്കൂളിലെ ശുചിമുറിയിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കേസെടുത്ത കുറുപ്പംപടി പൊലീസ് മർദനവും റാഗിങ് വിരുദ്ധ നിയമങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും കടുത്ത നടപടികളുണ്ടാകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വിദ്യാർഥി സ്കൂളിൽ പോയി തുടങ്ങിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ ദിവസങ്ങളിൽ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയെന്നാണു വിവരം. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയോട് റാഗ് ചെയ്യുന്നതിന്റെ ഭാഗമായി വസ്ത്രങ്ങൾ ഊരിമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പതിവായി ജിമ്മില്‍ പോകുന്ന, ആരോഗ്യമുള്ള ശരീരത്തിന് ഉടമയായ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ വിട്ടയച്ചു. എന്നാൽ ഉച്ചയോടെ പ്ലസ് വൺ വിദ്യാർഥികൾക്കുള്ള ശുചിമുറിയിലേക്കു പോയപ്പോൾ ഇരുപതോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും ഒട്ടേറെ മർദനം ഏറ്റുവാങ്ങിയതിനു പുറമെ സ്വകാര്യ ഭാഗങ്ങളിലും വിദ്യാർഥികൾ പരുക്കേൽപ്പിച്ചു. വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈംഗിക വൈകൃതത്തിനും പ്രേരിപ്പിച്ചെന്നാണു പരാതി.
ഇതോടെ കടുത്ത ശാരീരിക, മാനസിക ആഘാതം അനുഭവപ്പെട്ടെങ്കിലും വിദ്യാർഥി സംഭവം ആരോടും പറഞ്ഞില്ല. വീട്ടിലെത്തി മുറിയടച്ചിരുന്ന വിദ്യാർഥിനിയോടു മാതാപിതാക്കൾ വിവരം ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. എന്നാൽ രാത്രിയിൽ ഉറക്കത്തിൽ ഭയന്നലറിയതു ശ്രദ്ധയിൽ പെട്ടതോടെയാണു മാതാപിതാക്കൾ കൂടുതലായി വിവരം ആരാഞ്ഞതും ഒടുവിൽ കുട്ടി മനസു തുറന്നതും. തുടർന്ന് സ്കൂളിൽ വിവരമറിയിച്ചശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രധാനമായി ആക്രമണത്തിൽ പങ്കെടുത്ത നാലു വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഉൾപ്പെടെയാണു പരാതി നൽകിയിരിക്കുന്നത്. റാഗിങ് വിരുദ്ധ നിരോധന നിയമപ്രകാരവും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ചൈൽഡ് വെൽഫെയർ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ സമർപ്പിച്ചു. ഇപ്പോൾ നാലു വിദ്യാർഥികൾക്കെതിരെയാണു പ്രധാന പരാതിയെങ്കിലും ഇരുപതോളം വരുന്ന സംഘത്തിലെ ബാക്കിയുള്ള വിദ്യാർഥികളെക്കൂടി തിരിച്ചറിയാനുള്ള ശ്രമം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ സ്കൂൾ അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്നു കണ്ടെത്തുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ആദ്യം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിയോണിനെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കി. തലയ്ക്ക് കടുത്ത വേദനയും ദേഹമാസകലം ചതഞ്ഞ പാടുകളുമുണ്ട്. സീനിയർ വിദ്യാർഥികൾ കുട്ടിയുടെ അടിവയറ്റിലും ചവിട്ടി പരുക്കേൽപ്പിച്ചിരുന്നു.
