ഓണാഘോഷങ്ങൾ കൂടുതൽ മനോഹരവും ശുചിത്വപൂർണ്ണവുമാക്കാൻ ‘ഹരിത ഓണം 2026’ എന്ന സന്ദേശവുമായി മുന്നോട്ട് ഇതിൻ്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ലോഗോ പ്രകാശനം നിർവഹിച്ചു. നാടും നഗരവും ആഘോഷ ലഹരിയിലാകുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനാൽ, ജില്ലയിലെ എല്ലാ ഓണാഘോഷ പരിപാടികളിലും ഹരിത ചട്ടം കർശനമായി പാലിക്കണം ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് തോരണങ്ങൾ, പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. പകരം സദ്യയ്ക്കും ഭക്ഷണ വിതരണത്തിനും വാഴയിലയും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുകയും കുടിവെള്ളത്തിനായി സ്റ്റീൽ ബോട്ടിലുകൾ കരുതുകയും ചെയ്യുക. വേദികൾ അലങ്കരിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം പൂക്കൾ, ഇലകൾ, തുണി, മുള തുടങ്ങിയ പ്രകൃതിദത്തമായവ മാത്രം ഉപയോഗിക്കുക. ആഘോഷ വേദികളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും, പരിപാടി കഴിഞ്ഞാലുടൻ സ്ഥലം പൂർണ്ണമായി ശുചീകരിച്ച് മാലിന്യമുക്തമാക്കുകയും വേണം. ഓണം കഴിഞ്ഞാലും നമ്മുടെ മണ്ണ് സുന്ദരമായി തന്നെ ശേഷിക്കണം. ജില്ലയിലെ എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും ആഘോഷക്കമ്മിറ്റികളും ഈ ഹരിത ദൗത്യത്തിൽ പങ്കാളികളാകണമെന്ന് ജില്ല കളക്ടർ ജി പ്രിയങ്ക പറഞ്ഞു
