kochi metro
സര്‍ക്കാരിനോട് ആലോചിക്കാതെ ആണ് കെഎംആര്‍എല്‍ വാര്‍ത്ത നല്‍കിയത്

‘കൊച്ചി മെട്രോ’ യുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സര്‍ക്കാരിനോട് ആലോചിക്കാതെ ആണ് കെഎംആര്‍എല്‍ വാര്‍ത്ത നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ മാത്രം ഒതുങ്ങാതെ വിശാലാർത്ഥത്തിൽ സംസ്ഥാനത്താകെ നടപ്പാക്കുന്ന പദ്ധതി എന്ന നിലയ്ക്കാണ് കെഎംആർഎൽ പേരുമാറ്റം സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകിയത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നീക്കത്തിൽ ജനപ്രതിനിധികളും നേതാക്കളും അതൃപ്തി അറിയിച്ചതിനെ തുടർന്നാണ്  പദ്ധതിയുടെ പേര് മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

​കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രി വി.ഡി സതീശന് കത്തു നൽകിയിരുന്നു. പേര് മാറ്റത്തിനായി കെഎംആർഎൽ എം.ഡി വിചിത്രമായ നീക്കത്തിലൂടെ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്ന് ഹൈബിയുടെ കത്തിൽപ്പറയുന്നു. സംസ്ഥാനത്തെ നഗര ഗതാഗതം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കെഎംആർഎലിന്റെ സഹായം തേടാമെങ്കിലും അതിനായി പേര് മാറ്റരുതെന്നും ഹൈബി ആവശ്യപ്പെടുന്നു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര്  കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ശുപാർശ സമര്‍പ്പിച്ചിരുന്നു.  ​കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റമെന്നാണ് ലോക്നാഥ് ബെഹ്റയുടെ വാദം.

​ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി.  കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം  പൂർത്തിയാകും.  ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന  പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

നാഗ്പൂർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലക്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!