വാടകയ്ക്കു നൽകിയ കാർ തിരികെ ചോദിച്ചതിനാണ് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചത്. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ ആലുവ സ്വദേശി സോളമൻ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന്.

തിരൂർ സ്വദേശി ബക്കറാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ചാണ് സംഭവം. രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്.

ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു എഴുതി നൽകാമെന്ന് ബക്കർ സോളമനോട് പറഞ്ഞു. എന്നാൽ ഭൂമിയും നൽകിയില്ല, ഇതോടെ വാഹനം തേടി സോളമൻ തൃശൂരിലെത്തുകയായിരുന്നു.

എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ടു കാറിന്റെ മുന്നിൽനിന്ന് സോളമൻ വാഹനം തടഞ്ഞു. എന്നാൽ ബക്കർ ഉടനെ കാർ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമൻ വീണിട്ടും ബക്കർ കാർ നിർത്തിയില്ല.

