കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം വീട്ടുടമയായ ജോർജ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയെന്ന് സംശയിക്കുന്ന ലൈംഗീക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് കാരണം സാമ്പത്തികപരമായ തർക്കങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. പ്രതി ജോർജ് ഈ സ്ത്രീയെ എറണാകുളം സൗത്ത് ഭാഗത്തുനിന്നാണ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും പോലീസ് പറയുന്നു. പ്രതിയുടെ വീടിനകത്ത് രക്തക്കറകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം വീടിനകത്ത് നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടുവന്നതിന്റെ സൂചനകളാണ് ഈ രക്തക്കറകൾ നൽകുന്നത്. ആദ്യം കുറ്റം നിഷേധിച്ച ജോർജ്, പിന്നീട് സൗത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. മറ്റ് വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.കൊലപാതകം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസിന് ഇതുവരെ ശേഖരിക്കാൻ സാധിച്ചിട്ടില്ല.

താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് ജോർജ് നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ വീടിനോടുചേർന്നാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യമായി കാണുകയും പ്രദേശവാസികളെയും തുടർന്ന് പോലീസിനെയും വിവരമറിയിക്കുകയും ചെയ്തത്.

