പെരുമ്പാവൂര്‍: ചേരാനല്ലൂരില്‍ വീട്ടിൽ കയറി അക്രമിച്ചതിനെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കോടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരില്‍ രണ്ടര വയസുള്ള കുട്ടിയും ഉണ്ട്.ചേരാനല്ലൂര്‍ അറ്റുപുറത്ത് വീട്ടില്‍ പീയൂസിന്‍റെ മകന്‍ രാജേഷിന്‍റെ കുടുംബമാണ് ആക്രമണത്തിന് ഇരയായത്. രാജേഷും കുടുംബവും കുഞ്ഞിന്‍റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച രാജേഷിനെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ത്തതാണ്. എന്നാല്‍ അന്ന് ഉച്ചയ്ക്ക് രണ്ടോടെ 15 അംഗ അക്രമി സംഘം വാതില്‍ ചവിട്ടി തുറന്നു വീട്ടില്‍ കയറി കുട്ടികളെയും വയോധികയേയും മറ്റുള്ളവരേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. കുട്ടികളടക്കം വീട്ടിലുള്ളവര്‍ കൂട്ടനിലവിളി നടത്തിയിട്ടും അക്രമിസംഘം പിന്മാറിയില്ല.

ഇളയ കുട്ടിയുടെ മാമോദിസയും ഇടവക തിരുനാളും നടക്കുന്നതിനാല്‍ കുടുംബം കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് എത്തിയത്. അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

