കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലും കല്ലേലിമേട്ടിലും വീണ്ടും കാട്ടാന ശല്യം രൂക്ഷം. കല്ലേലിമേട്ടിൽ വീടും പന്തപ്രയിൽ കൃഷിയും നശിപ്പിച്ചു.

കൊളമ്പേൽ കുട്ടി-അമ്മിണി ദമ്പതികളുടെ വീടിന് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും കേടുപാടുണ്ടായിട്ടുണ്ട്. കുട്ടിയും അമ്മിണിയും മകന്റെ വീട്ടിലായിരുന്നു. ബലക്ഷയം സംഭവിച്ചതോടെ വീട് വാസയോഗ്യമല്ലാതായിട്ടുണ്ട്.

പന്തപ്ര ആദിവാസി നഗറിൽ ആനകൾ നിരവധി കുടുബങ്ങളുടെ കൃഷികൾ നശിപ്പിച്ചു. കാണിക്കാരൻ കണ്ണൻ മണിയുടെ അഞ്ച് തെങ്ങും പത്ത് കമുകും നിരവധി വാഴകളും ന ശിപ്പിച്ചിട്ടുണ്ട്. മൂപ്പൻ കുട്ടൻ ഗോപാലൻ്റെ ഉൾപ്പെടെ നിരവധി പേരുടെ തെങ്ങും വാഴയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

രണ്ട് ദിവസമായി പന്തപ്രയിൽ ആന ശല്യം രൂക്ഷമാണ്. ഇതിന് മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സർക്കാർ പുനരധിവസിപ്പിച്ച കുടുബങ്ങളാണ് ആദിവാസി നഗറിലുള്ളത്. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെന്ന ആവശ്യമാണ് കുടുബങ്ങൾ ഉന്നയിക്കുന്നത്.

