കൊച്ചി: എറണാകുളം നോര്‍ത്ത് കലാഭവന്‍ റോഡിലെ റെയില്‍ പാളത്തിലേക്കുള്ള ഇടവഴിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അഭിജിത്ത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. തലയിൽ ശക്തമായ അടിയേറ്റുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. തലയോട്ടിക്ക് പൊട്ടലുമുണ്ട്. രക്തം ഒരുപാട് വാര്‍ന്നുപോയി.

ആരെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. അഭിജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് നോർത്തിൽ ആളൊഴിഞ്ഞ വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വയറിംഗ് തകരാര്‍ പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വടക്കുഭാഗത്തെ മുറിയുടെ വാതിലിനോട് ചേര്‍ന്ന് ചോര വാര്‍ന്ന് കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സമീപത്ത് കല്ലും പലകയും ഉണ്ടായിരുന്നു. പോക്കറ്റില്‍നിന്ന് ലഭിച്ച തിരിച്ചറിയില്‍ കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ജോലിക്കെന്ന് പറഞ്ഞാണ് ദിവസങ്ങള്‍ക്കുമുമ്പ് അഭിജിത്ത് വീട്ടില്‍നിന്ന് പോന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ എസ്എച്ച്ഒ അനീഷ് ജോയി പറഞ്ഞു.

