February 7, 2026
sathya prethinja
ഒരേസമയം തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത അസം ബീഗത്തിന് നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും അഭിനന്ദന പ്രവാഹമാണ്.

മൂവാറ്റുപുഴ: നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അസം ബീഗത്തിന് ഇന്നലെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനമായിരുന്നു. ജനപ്രതിനിധിയായി സത്യപ്രതിജ്ഞയെടുക്കേണ്ട അതേ ദിവസം തന്നെയായിരുന്നു ഏറെ നാളായി കാത്തിരുന്ന മകളുടെ വിവാഹവും. രാവിലെ വിവാഹ വീട്ടിലെ തിരക്കുകൾക്കിടയിൽ നിന്നാണ് അസം ബീഗം നഗരസഭ കൗൺസിൽ ഹാളിലേക്ക് ഓടിയെത്തിയത്.

തന്റെ മകൾ അഡ്വ. അൽക്ക ഫാത്തിമ നജീബിന്റെ വിവാഹദിനത്തിൽ തന്നെ ജനപ്രതിനിധിയായി ചുമതലയേൽക്കണമെന്നത് യാദൃശ്ചികമെങ്കിലും സ്വപ്നതുല്യമായ നിയോഗമായി. നാടിനോടുള്ള തന്റെ പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞാ വാചകങ്ങൾ ഏറ്റുചൊല്ലിയ ശേഷം, ഒട്ടും വൈകാതെ തന്നെ അവർ മകളുടെ അടുത്തേക്ക് എത്തി. ഏറെ നാൾ മുൻപ് ഭർത്താവ് മരിച്ചതോടെ മകൾക്ക് ഉമ്മയും ബാപ്പയുമായി തണലേകിയത് അസം ബീഗമായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ വിവാഹം അവരുടെ ജീവിതത്തിലെ വലിയ സ്വപ്നസാക്ഷാത്കാരമായി.

Sponsored

സത്യപ്രതിജ്ഞ കഴിഞ്ഞ് കൗൺസിൽ ഹാളിൽ നിന്നു നേരെ വിവാഹ വേദിയിൽ എത്തിയ അസം ബീഗത്തിനു പിന്തുണയുമായി സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയ ഉടൻ നഗരസഭയിലെ മറ്റ് അംഗങ്ങളും വീട്ടിലേക്ക് എത്തി. ആലപ്പുഴ ബക്കർ കോട്ടേജിൽ റഹീം അബൂബക്കറിന്റെയും സൈനബ ഇബ്രാഹിമിന്റെയും മകൻ അബ്ദുൽ റൗഫ് ആണു വരൻ. ഒരു ജനപ്രതിനിധി എന്ന നിലയിലും കരുത്തയായ ഒരു അമ്മ എന്ന നിലയിലും ഒരേസമയം തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത അസം ബീഗത്തിന് നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും അഭിനന്ദന പ്രവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!