ഫോര്‍ട്ടുകൊച്ചി: അമിത വേഗത്തില്‍ എത്തിയ ബൈക്ക് പോലിസ് ജീപ്പിലേക്ക് പാഞ്ഞുകയറി പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന ഹാര്‍ബര്‍ എഎസ്ഐ ആലപ്പുഴ ചേര്‍ത്തല സ്വദേശി പി.കെ. ബിജു, ബൈക്ക് യാത്രികരും പെരുമ്പടപ്പ് സ്വദേശികളുമായ അഭിജിത്ത് (22), ഡേവിഡ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എഎസ്ഐ ബിജുവിന്റെ തലയില്‍ 15 സ്റ്റിച്ചുണ്ട്. അഭിജിത്തിന്റെ തലയ്ക്കും ഡേവിഡിന്റെ കൈകാലുകള്‍ക്കുമാണ് പരിക്ക്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിന് സമീപമാണ് അപകടം. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം വരെയുള്ള ബീറ്റ് പരിശോധന പൂര്‍ത്തിയാക്കി മറ്റൊരു ഭാഗത്തേക്ക് പോകാന്‍ യുടേണ്‍ എടുക്കുന്നതിനിടെയാണ് അപകടം.

കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ജീപ്പിന്റെ ഇടതുഭാഗത്തെ ഡോറിനോടു ചേര്‍ന്ന് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് ഇടിച്ചാണ് എഎസ്ഐക്ക് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചത് പോലിസ് ഡ്രൈവര്‍ കെ. ബിജുവാണ്. സംഭവത്തില്‍ ഹാര്‍ബര്‍ പോലിസ് കേസെടുത്തു.

