cryptocurrency
847 രാസലഹരി സ്റ്റാംപുകളും 131.66 ഗ്രാം രാസലഹരി വസ്തുവും കണ്ടെത്തി

കൊച്ചി: ക്രിപ്റ്റോ കറൻസി ഉപയോഗിച്ചു ഡാർക്നെറ്റ് വഴി മൂവാറ്റുപുഴ സ്വദേശിയുടെ നേതൃത്വത്തിൽ നടന്ന കോടികളുടെ രാജ്യാന്തര ലഹരിമരുന്ന് ഇടപാടു കേസിൽ നാലു പ്രതികൾക്കെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കുറ്റപത്രം സമർപ്പിച്ചു. പ്രതികളിൽ രണ്ടു പേർ കസ്റ്റഡിയിലുണ്ട്. ശേഷിക്കുന്നവർ വിദേശത്താണ്. കൊച്ചിയിൽ കഴിഞ്ഞ ജൂൺ 28നു തപാലിൽ എത്തിയ മൂന്നു പാഴ്സലുകളിൽ നിന്ന് 280 രാസലഹരി സ്റ്റാംപുകൾ പിടിച്ചെടുത്തതിനെ തുടർന്നു മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 847 രാസലഹരി സ്റ്റാംപുകളും 131.66 ഗ്രാം രാസലഹരി വസ്തുവും കണ്ടെത്തിയ കേസിലാണ് എൻസിബി കൊച്ചി ഓഫിസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

70 ലക്ഷം രൂപ മൂല്യം വരുന്ന ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ രേഖകളും അന്നു കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ ബാബു, സഹായി അരുൺ തോമസ്, യുകെയിൽ താമസിക്കുന്ന പറവൂർ സ്വദേശി സന്ദീപ് സജീവ്, ഓസ്ട്രേലിയയിൽ കഴിയുന്ന ഹരികൃഷ്ണൻ എന്നിവരാണു പ്രതികൾ. വിദേശത്തുള്ള രണ്ടു പേരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഇടപാടുകളുടെ പ്രധാനിയായ വാരാണസി സ്വദേശി പ്രദീപ് ഭായി എന്നറിയപ്പെടുന്ന ആളെയും പിടികൂടിയിട്ടില്ല. എഡിസന്റെ സുഹൃത്ത്, പറവൂർ സ്വദേശിയും ഇടുക്കിയിൽ റിസോർട്ട് നടത്തിപ്പുകാരനുമായ ഡിയോൾ കെ.വർഗീസ്, ഭാര്യ അഞ്ജു തോമസ് എന്നിവർ ഉൾപ്പെട്ട മറ്റൊരു കേസിൽ അന്നു തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

മാരകമായ ലഹരിമരുന്നു കൈവശം വച്ചു വിപണനം നടത്തിയതിനും വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതിനും അനധികൃത പണമിടപാടുകൾ നടത്തിയതിനും ലഹരിമരുന്ന് വ്യാപാരത്തിനു ഗൂഢാലോചന നടത്തിയതുമാണ് ഇവർ ചെയ്ത കുറ്റമായി 150ലേറെ പേജുകളുള്ള കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളുടെ വിവരങ്ങൾ ഉൾപ്പെടെ ആയിരം പേജുകളിൽ അനുബന്ധ വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. യുകെയിൽ നിന്നു തപാലിൽ എത്തിക്കുന്ന ലഹരിമരുന്നുകൾ ‘കെറ്റാമെലൺ’ എന്ന ഡാർക്ക്നെറ്റ് ശൃംഖല വിറ്റിരുന്ന എഡിസനെ  ജൂൺ 29നാണ് എൻസിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!