കോലഞ്ചേരി: കോലഞ്ചേരിയിലെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ആസാം നാവ്ഗോൺ സ്വദേശിയായ റഷീദുൾ ഇസ്ലാം(26) നെയാണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ പ്രതി ഒറ്റയ്ക്കാണ് മോഷണങ്ങൾ നടത്തിവന്നിരുന്നത്. മോഷണത്തിനു ശേഷം പതിവുപോലെ കോതമംഗലത്ത് പ്ലൈവുഡ് കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു.

പെരുമ്പാവൂർ കോതമംഗലം കാലടി തൊടുപുഴ സ്റ്റേഷൻ പരിധികളിലെ സൂപ്പർ മാർക്കറ്റുകളിൽ നേരത്തെ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചു. മൂന്നു മാസങ്ങൾക്കു മുമ്പ് തൊടുപുഴ യിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 3,95,000 രൂപ മോഷ്ടിച്ചതും പ്രതിയായിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി നാട്ടിൽ സമീപകാലത്ത് ആഡംബര ബൈക്ക് വാങ്ങിയിട്ടുണ്ട്.

പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ. ജയൻ, പ്രിൻസിപ്പൽ എസ്ഐ ജിതിൻ കുമാർ, എസ്ഐ ശശിധരൻ, എഎസ്ഐ ഗിരീഷ്, എസ്സിപിഒമാരായ ജിതേഷ്, അഖിൽ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

