മൂവാറ്റുപുഴ: പതിറ്റാണ്ടു മുൻപ് അടച്ചു പൂട്ടിയ ആധുനിക അറവുശാലയിൽ വെൽനെസ് സെന്റർ ആരംഭിക്കാൻ നിർദേശം. ഇതേ കുറിച്ചു പരിശോധിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അറവുശാലയിൽ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയെ തുടർന്ന് അറവുശാല വർഷങ്ങൾക്കു മുൻപ് ഹൈക്കോടതി നിർദേശ പ്രകാരം അടച്ചുപൂട്ടി.

ഇത് ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ നവീകരിക്കാനാണു നീക്കം. മുൻപ് മിനി ഓഡിറ്റോറിയമാക്കി മാറ്റാൻ നീക്കങ്ങൾ നടന്നിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് ചെയർപഴ്സൻ ജോയ്സ് മേരി ആന്റണിയുടെയും വൈസ് ചെയർപഴ്സൻ പി.എം. അബ്ദുൽ സലാമിന്റെയും കൗൺസിലർ സി.എം. ഷുക്കൂറിന്റെയും നേതൃത്വത്തിൽ അറവുശാലയിൽ വെൽനെസ് സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടന്നത്. കൗൺസിലിൽ വിശദമായ ചർച്ചകൾക്കു ശേഷം കൂടുതൽ നടപടികളിലേക്കു നീങ്ങുമെന്ന് വൈസ് ചെയർമാൻ അബ്ദുൽ സലാം പറഞ്ഞു.

ആധുനിക അറവുശാലയ്ക്കു സമീപം മുല്ലക്കൃഷി ചെയ്തിരുന്ന 40 സെന്റ് സ്ഥലം തരിശു കിടക്കുകയാണ്. അറവുശാലയിൽ നിന്നു ഇവിടേക്ക് വഴി തുറന്നാൽ ഈ സ്ഥലം വിപുലമായ പദ്ധതികൾക്കായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും സലാം പറഞ്ഞു. ഇക്കാര്യവും കൗൺസിലിൽ ചർച്ച ചെയ്യും.

