പെരുമ്പാവൂർ ∙ ചേരാനല്ലൂർ മൈനർ ഇറിഗേഷൻ കനാലിന്റെ തോട്ടുവ ബ്രാഞ്ച് കനാൽ അവസാനിക്കുന്നിടത്ത് 500 മീറ്ററോളം കനാൽ കയ്യേറി മൂടിയതോടെ വെള്ളം വല്ലം- പാണംകുഴി റോഡിലെ തോട്ടുവ ഭാഗത്തുകൂടി ഒഴുകുന്നു. കനാലിന്റെ വാലറ്റത്തേക്കു സാധാരണ ഗതിയിൽ ഇറിഗേഷൻ കനാൽ വെള്ളം എത്താറില്ല. പെരിയാർവാലി കനാലിലെ വെള്ളം ഇറിഗേഷൻ കനാലിൽ എത്തുന്ന സമയത്താണ് വാലറ്റമായ വല്ലം–പാണംകുഴി റോഡിലെ പ്ലാങ്കുടി തോടിനു സമീപമെത്തുന്നത്. തോട്ടിലേക്കും കൃഷിയിടത്തിലേക്കും പോകുന്ന വിധത്തിലാണ് ഇവിടെ കനാൽ വിഭാവനം ചെയ്തിരുന്നത്.പ്ലാങ്കുടി തോട്ടിലേക്കുള്ള കനാൽ മൂടിയതോടെയാണു വെള്ളം വല്ലം- പാണംകുഴി റോഡിലൂടെ ഒഴുകുന്നത്.

ഇത് തുടർന്നാൽ റോഡ് തകരാൻ കാരണമാകും. വിവിധ ക്രഷറുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭാരവാഹനങ്ങൾ ഇതിലെ കടന്നു പോകുന്നുണ്ട്. കാൽനട യാത്രക്കാരുടെ യാത്രയും ദുഷ്കരമാണ്. ഇറിഗേഷൻ കനാൽ കയ്യേറിയിരിക്കുന്ന ഭാഗം പുനഃസ്ഥാപിച്ചു വല്ലം–പാണംകുഴി റോഡിലേക്കുള്ള വെള്ളം വരവു നിർത്തി റോഡ് തകരാതെയുള്ള നടപടികൾ നടത്തണമെന്നു ന്യൂനപക്ഷ മോർച്ച പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷമോർച്ച എറണാകുളം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് ഷിജൻ ജോസഫ്, ന്യൂനപക്ഷമോർച്ച പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തോബിയാസ് എന്നിവർ പരാതി നൽകി.

