കോതമംഗലം കോട്ടപ്പാറ വനത്തിൽ നിറങ്ങളുടെ വിസ്മയം തീർത്ത് മഴവിൽ മരം. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ബ്രസീലിൽ നിന്ന് കൊണ്ടുവന്ന് നട്ടുവളർത്തി സംരക്ഷിച്ചു വരുന്നതാണ് മരം. ആർട്ടിസ്റ്റ് ഡിസൈൻ ചെയ്തതുപോലെ വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട് മുതൽ മുകൾ അറ്റം വരെ. ഈ മഴവിൽ മരം നേരിൽ കാണണമെങ്കിൽ വനം വകുപ്പിന്റെ അനുമതിയും ആവശ്യമാണ്.

യൂക്കാലി ഇനത്തിൽപ്പെട്ട അപൂർവ മരത്തിന് ഏകദേശം 30 വർഷത്തെ പ്രായമുണ്ട്. തടിയിൽ മുഴുവൻ പെയിന്റ് ചെയ്ത ചിത്രം കൊണ്ട് പൊതിഞ്ഞതാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഈ മരം കൂടുതൽ മനോഹരമാകുന്നത്.
യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തിൽപ്പെടുന്നതാണ് റെയിൻബോ ട്രീ. മരം കാണാൻ വരുന്ന ആളുകളുടെ വരവ് കൂടുകയും ചിലർ മരത്തിൽ പേര് കോറിയിട്ടും തുടങ്ങിയതോടെ സംരക്ഷണത്തിനായി ചുറ്റും ഇരുമ്പുവേലി തീർത്തിട്ടുണ്ട്. മഞ്ഞുകാലത്ത് പഴയ തൊലി പൊഴിയുകയും പുതിയ തൊലി പുറത്തുവരികയും ചെയ്യുമ്പോഴാണ് വിവിധ വർണങ്ങൾ തടിയിൽ വിരിയുന്നത്.

യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തിൽപ്പെടുന്നതാണ് ഈ മരം. പ്രദേശവാസിയും വനം വാച്ചറുമായിരുന്ന കല്ലമ്പിള്ളി തങ്കച്ചനാണ് മരം നട്ടുപിടിപ്പിച്ചതും വർഷങ്ങളായി സംരക്ഷണം നൽകിയതും. ഉദ്ദേശം 60 അടിയോളം ഉയരമുള്ള മരത്തിന് 80 ഇഞ്ച് വണ്ണമുണ്ട്.

