കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിക്കിനു സമീപം കണ്ണക്കട കൈതപ്പാറ ഭാഗത്ത് കോട്ടപ്പാറ വനാതിര്‍ത്തിയോട് ചേര്‍ന്ന് റബര്‍ത്തോട്ടത്തില്‍ ദിവസങ്ങളായി ചുറ്റിത്തിരിയുന്ന കാട്ടാന അവശനിലയിലെന്ന് വനപാലകര്‍. ഉദേശം 15 വയസ് പ്രായമുള്ള പിടിയാനയാണ് ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള പ്രദേശമാണിത്. അവശനിലയിലാണെങ്കിലും ആന ഇടക്ക് അക്രമാസക്തമാകുന്നുണ്ട്.

വൈകിട്ട് സമയത്ത് ആന നാട്ടിലേക്ക് ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. വനപാലകരുടെ പ്രത്യേക സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. കോടനാട് അഭയാരണ്യം ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍ ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തി നിരീക്ഷണം നടത്തി മടങ്ങി. ആനയുടെ രോഗകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
ഇടക്ക് രാത്രിയും പകലും നാട്ടിലേക്ക് ഇറങ്ങാന്‍ ശ്രമം നടത്തുമ്പോള്‍ വനപാലകര്‍ പടക്കം പൊട്ടിച്ചും ഒച്ചവച്ചും ആനയെ വനത്തിലേക്ക് തുരത്തിയോടിക്കുകയാണ്. ഇന്നലെ വൈകിട്ടും ആന നാട്ടിലേക്ക് ഇറങ്ങി. കൈതപ്പാറ കല്ലിടുമ്പേല് ചന്ദ്രന്റെ വീടിന് മുന്നില്‍ ഉണ്ടായിരുന്ന വലിയ പ്ലാസ്റ്റിക്ക് ജലസംഭരണി നശിപ്പിച്ചു. വീടിന് മുന്നില്‍നില്‍ക്കുന്ന ആനയെ ഒച്ചവച്ച് ഓടിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അര മണിക്കൂര്‍ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ വനപാലകര്‍ എത്തിയാണ് തുരത്തിയത്.

