കോതമംഗലം: മാമലക്കണ്ടം ചാമപ്പാറയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. ചാമപ്പാറ കോട്ടയ്ക്കകത്ത് ജോസഫിന്റെ വീടിന് നേരെയാണ് ഒരു വര്‍ഷത്തിനിടെ മൂന്നാമതും ആക്രമണം ഉണ്ടായത്. വാതിലും ജനാലുകളും വീട്ടുസാധനങ്ങളും അടക്കം കഴിഞ്ഞ വര്‍ഷം ആനക്കൂട്ടം തകര്‍ത്തിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം വീട്ടുമുറ്റത്ത് ആനക്കൂട്ടത്തിന്റെ ശബ്ദംകേട്ട് ജോസഫ് വീടിന്റെ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുമ്പ് രണ്ടു തവണ ആനക്കൂട്ടം വാതിലുകളും ജനലുകളും തകര്‍ത്തിരുന്നു. കിടപ്പുമുറിക്ക് മാത്രമാണ് വാതില്‍ ഉണ്ടായിരുന്നത്. വനത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് ആറേക്കര്‍ റബര്‍ത്തോട്ടത്തിന് സമീപത്തായാണ് ജോസഫിന്റെ വീട്.
വീടിനോട് ചേര്‍ന്നുള്ള ശൗചാലയവും അലമാരയും രണ്ട് കട്ടിലുകളും വീട്ടുപകരണങ്ങളും അഞ്ച് റബര്‍മരങ്ങളും ആനകള്‍ നശിപ്പിച്ചതായി ജോസഫിന്റെ മകന് ഡെനീഷ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷംരൂപയുടെ നാശമുണ്ടായി. മുമ്പത്തെ ആക്രമണത്തെ തുടര്‍ന്ന് കിടപ്പുമുറി മാത്രമേ അടച്ചുറപ്പായിട്ട് ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച രാത്രിയിലെ ആക്രമണത്തോടെ വീട് വാസയോഗ്യമല്ലാതായി.
