കോതമംഗലം : വേമ്പനാട്ട് കായലിൽ 9 കിലോ മീറ്റർ നീന്തിക്കയറി ലോക റിക്കാർഡിലെത്താൻ 63 കാരി. കോതമംഗലം വാരപ്പെട്ടി മോളേൽ റൂബി മത്തായി ആണ് അതിസാഹസികമായ ഉദ്യമത്തിലൂടെ ലോക റിക്കാർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ച റൂബി മത്തായിക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയുമെന്ന് ആദ്യം മനസിലാക്കിയത് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് പരിശീലകൻ ബിജു തങ്കപ്പനാണ്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലായിരുന്നു റൂബി പരിശീലനം പൂർത്തിയാക്കിയത്.
നാളെ രാവിലെ ഏഴിനാണ് വേമ്പനാട് കായലിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള ഒമ്പത് കിലോമീറ്റർ റൂബി നീന്തികടക്കാനൊരുങ്ങുന്നത്. രണ്ടു മണിക്കുറിൽ താഴെ സമയം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പരിശീപകൻ പറഞ്ഞു.
വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് കുമ്പേൽക്കടവ് -വൈക്കം പ്രദേശം. ഒമ്പത് കിലോമീറ്റർ കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി മത്തായി. സാംസ്ക്കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും ഇവർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റിക്കാർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 33-ാമത്തെ താരമാണ് റൂബി.
