വടക്കാഞ്ചേരി: വഴി ചോദിച്ചതിന് യുവാവിനെ കുത്തി വീഴ്ത്തി. പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്. 2023 മാർച്ച് 26നാണ് സംഭവം നടന്നത്. ഓട്ടുപാറയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ യുവാക്കൾ ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാർ ഹോട്ടലിലേക്കുള്ള വഴി ചോദിച്ചതാണ് സംഭവത്തിന് കാരണം. തുടർന്ന് പ്രതിയായ പുന്നംപറമ്പ് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രതീഷും സുഹൃത്തുക്കളും ചേർന്ന് യുവാക്കളെ ചീത്തവിളിക്കുകയും കൈയിൽ ഉണ്ടായിരുന്ന കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിന് പിന്നീട് ഓപ്പറേഷനും വേണ്ടിവന്നു. സംഭവത്തിൽ വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് മൂന്നു വർഷംകഠിന തടവിനും 50000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസംകൂടി തടവ് അനുഭവിക്കണം.
വടക്കാഞ്ചേരി സിഐയായിരുന്ന കെ മാധവൻകുട്ടി രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ ഡി. എസ്. ആനന്ദ്, ടി.സി. അനുരാജ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽപബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സീനത്ത് ഹാജരായി.
