പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പൊലീസിന്റെ വ്യാപക പരിശോധന. ലഹരിമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ റജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച 3 സത്രീകളെ കസ്റ്റഡിയിലെടുത്തു. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ, നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പെരുമ്പാവൂർ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ പ്രദേശവാസികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ തീരുമാനിച്ചു. സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷനൽ പൊലീസ് ഓഫിസറും ജോയിന്റ് കൺവീനർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും. വെങ്ങോല, വാഴക്കുളം പഞ്ചായത്ത്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ- മത- സാമൂഹ്യ- സാംസ്കാരിക സംഘടന ഭാരവാഹികൾ, അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്.
അതിഥി തൊഴിലാളികൾക്കിടയിലെ മദ്യം, ലഹരിമരുന്ന്, അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്തി, അവർക്കിടയിലെ മറ്റു പ്രശ്നങ്ങൾ പഠിക്കും. തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠന സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെഡിക്കൽ ക്യാംപും ആരോഗ്യ ബോധവൽക്കരണവും നടത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും. സമിതി എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ സബ് ഡിവിഷനൽ പൊലീസ് ഓഫിസിൽ യോഗം ചേരും. പ്രതിമാസ യോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും.
