കോതമംഗലം: ഭൂതത്താന്കെട്ടില് ടൂറിസം സീസണ് ആരംഭിച്ച് മൂന്നു മാസം പിന്നിടുമ്പോൾ ടൂറിസ്റ്റ് ബോട്ട് സർവീസുകൾക്ക് അനുമതി. ഏഴു ബോട്ടുകള്‍ക്കാണ് സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇന്ന് മുതൽ ബോട്ട് സർവീസുകൾ പുനരാരംഭിക്കും. സീസൺ അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കി നിൽക്കെയാണ് ബോട്ട് സർവീസുകൾക്ക് അനുമതി. 95 സീറ്റിന്റെ ഒരു ബോട്ടും 45 സീറ്റിന്റെ ഒരു ബോട്ടും 42 സീറ്റിന്റെ ഒരു ബോട്ടും 10 സീറ്റിന്റെ നാല് ബോട്ടുകളുമാണുള്ളത്. സീസൺ ആരംഭിച്ചിട്ടും ബോട്ട് സർവീസ് ആരംഭിക്കാത്തത് ഭൂതത്താൻകെട്ടിന്റെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ സഞ്ചാരികളുടെ വരവും ഗണ്യമായി കുറയുകയുണ്ടായി.
ഡിസംബറില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ സാഹചര്യമൊരുങ്ങിയതാണ് എന്നാല്‍ ബോട്ടുകള്‍ക്ക് അനുമതി നല്കാന് തയാറായില്ല. ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കോടതി ഇടപെടലുമാണ് തടസമായത്. സർക്കാർ തലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് ബോട്ടിംഗ് ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായിട്ടുള്ളതെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് പെരിയാറിലൂടെയുള്ള ബോട്ട് സവാരി. നേര്യമംഗലം ഭാഗത്തേക്കും കുട്ടമ്പുഴ ഭാഗത്തേക്കുമാണ് സവാരി. ബോട്ട് സവാരിക്ക് അവസരം ഒരുങ്ങുന്നതോടെ കെഎസ്ആര്‍ടിസിയുടെ ജങ്കിൾ സര്‍വീസുകളുടെ റൂട്ടും ഭൂതത്താന്‍കെട്ട് വഴി ഉറപ്പാകും.
