മുവാറ്റുപുഴ: എം ജി സര്‍വകലാശാല കലോത്സവത്തില്‍ കലാതിലകം നിര്‍മല കോളേജിന്. ബി സി എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അപര്‍ണ മോഹനാണ് കലാതിലകം കരസ്ഥമാക്കിയത്. പങ്കെടുത്ത അഞ്ച് വ്യക്തിഗത ഇനങ്ങളില്‍ എല്ലാത്തിനും സമ്മാനം നേടിയാണ് അപർണ നേട്ടത്തിന് അർഹത നേടിയത്.
ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, കുച്ചിപ്പുടി മത്സരത്തിൽ രണ്ടാം സ്ഥാനവും, അദർ ഫോംസ് ഓഫ് ക്ലാസ്സിക്കൽ ഡാൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് അപർണ കലാതിലക പുരസ്കാരം നേടിയത്. 73 വർഷത്തെ നിർമല കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കലാതിലക പുരസ്കാരം ലഭിക്കുന്നത്.
മുവാറ്റുപുഴ രണ്ടാർ സ്വദേശികളായ പരേതനായ മോഹനൻ വി ആറിന്റെയും, സുരഭി മോഹൻ ദമ്പതികളുടെയും മകളാണ് അപർണ മോഹൻ. വെള്ളൂർകുന്നം നാട്യാലയ സ്കൂൾ ഓഫ് ഡാൻസിൽ നാലാം വയസു മുതൽ രവികുമാർ നാട്യാലയയുടെ ശിഷ്യത്വത്തിൽ നൃത്തം അഭ്യസിക്കുന്ന നർത്തകിയാണ് അപർണ. മുൻ വർഷങ്ങളിൽ നടന്ന സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും അപർണ കരസ്ഥമാക്കിയിട്ടുണ്ട്. 19 പോയിന്റ് നേടിയാണ് ഈ വർഷത്തെ എം ജി സർവകലാശാല കലോത്സവത്തിൽ അപർണ കലാതിലകപ്പട്ടം കരസ്ഥമാക്കിയത്.
