കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്.
ഉദേശം ഒന്‍പതുവയസ് പ്രായമുള്ള പിടിയാനയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കം കണക്കാക്കുന്നു. ജഡം അഴുകിയ നിലയിലാണ്. ആനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ട്. ആനകള്‍ തമ്മില്‍ കുത്തുകൂടിയുണ്ടായ പരിക്കില്‍ ചരിഞ്ഞതാകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്കു ശേഷം കുട്ടമ്പുഴയില്‍നിന്ന് വനപാലകര്‍ സ്ഥലത്തെത്തി മേല്‍നപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
