കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി, ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാഴ്ന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണം മാറിയത് ആനകൾ അറിഞ്ഞിട്ടില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തീർത്തും പരിഹസിക്കുന്നതിന് തുല്യമാണെന്ന് സി.പി.ഐ (എം) ആരോപിച്ചു.
പ്രദേശത്ത് വ്യാപകമായ കൃഷിനാശമാണ് വന്യജീവികൾ വരുത്തിവെക്കുന്നത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും കഴിയാതെ കടുത്ത ഭയപ്പാടിലാണ്. നിരന്തരമായി വന്യജീവി ആക്രമണമുണ്ടായിട്ടും സ്ഥലം സന്ദർശിക്കാനോ, ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനോ, അർഹമായ നഷ്ടപരിഹാരം നൽകാനോ തയാറാകാത്ത എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴിയിൽ സി.പി.ഐ (എം) പ്രതിഷേധ ധർണയും യോഗവും സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം മുൻ എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജു പി. നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വന്യജീവി ശല്യത്തിനെതിരെ വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി പ്രദേശങ്ങളെ പ്രതിനിധീകരിച്ച് കഴിഞ്ഞ രണ്ടു ദിവസമായി കുളങ്ങാട്ടുകുഴിയിൽ ഒറ്റയാൾ പ്രതിഷേധ സമരം നടത്തിവരികയായിരുന്ന ഒന്നാം വാർഡ് ഗ്രാമപഞ്ചായത്ത് അംഗം പ്രിൻസ് ജോൺ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി ടി. സി. മാത്യു എന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മിറ്റി അംഗവും മുൻ മെമ്പറുമായ എസ്. എം. അലിയാർ മാഷ്, അജി ലാൽ മീരാൻ, ടി. കെ. കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജ പൗലോസ്, ഷർമിന ഉബൈദ്, മുൻ മെമ്പർ മഞ്ജു തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.
