പെരുമ്പാവൂർ: കഞ്ചാവ് വില്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ച് യുവാക്കളുടെ തലമൊട്ടയടിച്ച് മർദിച്ചെന്ന പരാതിയിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കണ്ടന്തറ സ്വദേശികളായ ചിരക്കക്കുടി വീട്ടിൽ സി.എസ്. സാജിദ്, കാരോത്തുകുടി വീട്ടിൽ കെ.പി. മാഹിൻകുട്ടി, പട്ടരുമഠം വീട്ടിൽ പി.വി. ഷമീർ, കാരോത്തുകുടി വീട്ടിൽ കെ.എ. ഷരീഫ്, കാരോത്തുകുടി വീട്ടിൽ കെ.എ. അൻവർ, മാറമ്പിള്ളി സ്വദേശി ഉപ്പൂട്ടിൽ വീട്ടിൽ റഫീഖ് എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം കണ്ടന്തറ ഭായ് കോളനിക്ക് സമീപത്തായിരുന്നു സംഭവം. അൽഫാസ്, ഗോകുൽ, ആൽബിൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സമീപത്തെ സോഡ നിർമാണ യൂണിറ്റിൽ ജോലി തേടി എത്തിയതായിരുന്നു മൂവരും. കഞ്ചാവ് വില്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ച് ആറംഗ സംഘം മൂവരെയും തടഞ്ഞുനിർത്തി തലമൊട്ടയടിച്ച ശേഷം വിവസ്ത്രരാക്കി മർദിച്ചെന്നാണ് പരാതി.
സംഭവത്തിനു ശേഷം ഇവരിൽ നിന്ന് രക്ഷപ്പെട്ടെത്തിയ മൂവരും ബന്ധുക്കളുടെ സഹായത്തോടെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
