നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ റോഡ് കുറുകെ കടക്കുന്ന കാട്ടാനകൾ
കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ കാട്ടാനകളുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പന്‍കുഴി ജംഗ്ഷനിൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്കു മുന്നിലാണ് ബൈക്ക് യാത്രികനായ ചെമ്പന്‍കുഴി പറമ്പേത്ത് പുഷ്പൻ അകപ്പെട്ടത്.
ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ ബഹളം കൂട്ടിയതോടെ ആന വനത്തിലേക്ക് കയറുകയായിരുന്നു.
കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍ കടന്ന് ചെമ്പന്‍കുഴി വനത്തിലേക്ക് പോകുകയായിരുന്നു ആനക്കൂട്ടം. ആഴ്ചകളായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന കൊമ്പന്മാര് പ്രദേശവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
