കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നാലാമത് എഡിഷൻ ഫ്രീഡം ക്വിസ് മത്സരം റോട്ടറി ഭവനിൽ ആവേശകരമായി നടന്നു. മത്സര ഉദ്ഘാടനവും വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫികളും,മെഡലുകളും സർട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യാതിഥിയായ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി സുദർശൻ കെ. എസ്. ഐ പി എസ് അവർകൾ നിർവഹിച്ചു. ഇന്ന് സമൂഹത്തിൽ കുട്ടികളുടെയും, യുവാക്കളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന മാരക ലഹരി ഉപയോഗങ്ങളും, ആത്മഹത്യ പ്രവണതകളും കുടുംബങ്ങളിൽ നിന്നും അവർക്ക് ലഭിക്കേണ്ടതായ പലതും നഷ്ടപ്പെടുന്നതു കൊണ്ടാണെ ന്നും, കാണുന്നതും, കേൾക്കുന്നതും, അറിയുന്ന തുമായ കാര്യങ്ങളിൽ ചിന്തിച്ച് സ്വന്തമായി തീരുമാനമെടുത്ത് പോകുവാൻഅവർക്ക് സാധിക്കണമെന്നും അതിനായി അവരെ പ്രാപ്തരാക്കേ ണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്നും ആയത് എങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെയും, കഥകളിലൂടെയും വളരെ സരസമായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. ഒരു ഐപിഎസ് പോലീസ് ഓഫീസർ എന്നതിലുപരി ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ലോക സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കൃത്യമായി മനസ്സിലാക്കി പരസ്യങ്ങളില്ലാതെ നിറവേറ്റികൊടുത്ത് കൊണ്ട് പോകുന്ന അദ്ദേഹത്തെ പ്രോഗ്രാം കോർഡിനേറ്റർ ജോയി പോൾ സദസ്സിന് പരിചയപ്പെടുത്തി.
റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും, പുരോഗമന ഇന്ത്യയും, സ്പോർട്സ് ഉൾപ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് പ്രൊഫ. കെ എം കുര്യാക്കോസ് നേതൃത്വം നൽകി.രണ്ട് വിഭാഗങ്ങളിലായി 45 സ്കൂൾ ടീമുകൾ പങ്കെടുത്തു.യുവതലമുറയിൽ രാജ്യസ്നേഹവും, ചരിത്രബോധവും, വളർത്തുന്നതിനൊപ്പം അറിവും, മത്സരാത്മക മനോഭാവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി കപ്പിനു വേണ്ടിയുള്ള ഫ്രീഡം ക്വിസ് മത്സരം കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംഘടിപ്പിച്ച് വരുന്നത്. നാലാമത് റോട്ടറി കപ്പിനു വേണ്ടി നടന്ന വാശിയേറിയ മത്സരത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ 70 പോയിന്റ് നേടി ഓവറോൾ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ മൂവാറ്റുപുഴ നിർമ്മല, ദേവസ്വം ബോർഡ് തൃക്കാരിയൂർ കനേഡിയൻ സെൻട്രൽ സ്കൂൾ പുതുപ്പാടി എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ്, കവളങ്ങാട് സെന്റ് ജോൺസ്, കോതമംഗലം മാർ ബേസിൽ എന്നിങ്ങനെ ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങളും നേടി ജേതാക്കളായി. റോട്ടറിയുടെ തുടർ പ്രോജക്റ്റുകളുടെ ചെയർമാൻ അഡ്വ. കെ ഐ ജേക്കബ്,മേരി ജോർജ്, രൂപ മാത്യു, ഡോ. എബിൻ റ്റി എം, ചേതൻ റോയി,ഷാലു ജെബിൻ,സാറ ചേതൻ, അസ്സി. എക്സൈസ് ഇൻസ്പെക്ടർ ഫൈസൽ എം കെ, സൈറ ജെബിൻ എന്നിവർ പ്രസംഗിച്ചു. ബോബി പി കുര്യാക്കോസ് സ്വാഗതവും സോണി ഇടത്തല കൃതജ്ഞതയും പറഞ്ഞു.
