കോതമംഗലം: കോതമംഗലത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് നിയുക്ത എംഎൽഎ ഷിബു തെക്കുംപുറം. പല്ലാരിമംഗലം പഞ്ചായത്തിൽ നടത്തിയ പര്യടനത്തിൽ പ്രസംഗിക്കുകയായിരുന്നു. റോഡ് വികസനം, കുടിവെള്ള സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ പുരോഗതി, യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക മേഖലയെ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും പറഞ്ഞു.
ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പ്രദേശങ്ങളുടെ ആവശ്യങ്ങളും വികസന സാധ്യതകളും വിലയിരുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞു. നാട്ടുകാരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് അതിവേഗ പരിഹാരങ്ങൾക്ക് നടപടി സ്വീകരിക്കുമെന്നും നിയുക്ത എംഎൽഎ വ്യക്തമാക്കി.
അടിവാട് തെക്കേകവലയിൽ നിന്നാരംഭിച്ച പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം കവല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ ബോബൻ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു, മണ്ഡലം പ്രസിഡന്റ് കെ.എം അബ്ബാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ശിഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എം. സിദ്ധിഖ്, രാജേഷ് കുഞ്ഞുമോൻ, എം.എം. അബ്ദുൽ റഹ്മാൻ, നിസാർ കുന്നേക്കുടിയിൽ എന്നിവർ പ്രസംഗിച്ചു.
