കൊച്ചി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ
നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക(22) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

സ്വന്തമായ ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ച 1.270 കിലോ കഞ്ചാവ് ദിവാൻകോട്ടിനടിയിൽ കൂട്ടിയിട്ടിരുന്ന തുണികൾക്കിടയിൽ ഒരു കവറിലായും, മാസ്കിംഗ് ടേപ്പ് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലായും രണ്ടു ഭാഗങ്ങളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

